Kathakal

പോക്കരിന്റെ മാജിക്ക്...

പതിവ്‌ പോലെ പോക്കര്‍ അന്ന് പകല്‍ വേലികെട്ടല്‍ എന്ന പതിവ് ജോലി തീര്‍ത്ത് കുളിച്ച്‌ ഈവനിംഗ്‌ വാക്കിനായി ഇറങ്ങവേ വഴിയില്‍ മമ്മതിനെ കാണ്ടു.

"ന്തൊക്കെണ്ട്‌ ന്റ മമ്മതേ ബിസേസങ്ങള്‍"

"ഒരു പണീം ഇല്ല ചെങ്ങായീ... പിന്നെന്ത്‌ ബിസേസം"

"ന്നാ ഇജ്ജ്‌ നമ്മളൊപ്പം കൂടിക്കോഡാ..."

"അതിന്‌ മുള്ള്‌ വെട്ടാനും വേലികെട്ടാനും ഇക്ക്‌ അറീല"

"അത്‌ വേണ്ടടാ ഞാന്‍ രാത്രി കറങ്ങാനിറങ്ങുമ്പോ ഒന്ന് ചാക്ക്‌ പിടിക്കാന്‍ കൂടെ കൂടിയാല്‍ മതി... കിട്ടുന്നതില്‍ കുറച്ച്‌ അനക്കും തരാം"

"എന്ത്‌ നാല്‌ ഒണക്കതേങ്ങയോ ?"

"അല്ലടാ ഇന്ന് ഞാന്‍ കുറച്ച്‌ അപ്പുറത്ത്‌ ഒരു വീട്‌ കണ്ട്‌ വെച്ചിട്ടുണ്ട്‌."

"എവിടെ"

"ഞമ്മളെ ആ പട്ടാളത്തീ പോയ മുസ്തഫാന്റെ വീട്‌... അവിടെ കൊറേ പണ്ടും പണവും ഉണ്ടെന്ന് കേട്ടു. അവന്റെ ഉമ്മയും ഭാര്യയും മാത്രമേ ഉള്ളൂ... ഇന്ന് അവിടെ ഒന്ന് തപ്പിയാലോ"

"നല്ല ഐഡിയ... എന്നാല്‍ ഇപ്പോള്‍ തന്നെ പോവാം..."

"ഹേയ്‌ ഇപ്പോള്‍ നീ വരണ്ട... ഞാം‍ പോയി ആ പുരയുടെ ചുറ്റുവട്ടവും ഒന്ന് നോക്കിവരാം. എന്നിട്ട്‌ രാത്രി ഒന്നിച്ച്‌ പോവാം"


പോക്കര്‍ പതിവുപോലെ നൈറ്റ്ഡ്യൂട്ടിക്കുള്ള പ്ലാന്‍ തയ്യാറാക്കാനായി വീടിന്റെ ചുറ്റുവട്ടത്തും കറങ്ങി നടന്നു. വൈകുന്നേരം കോഴിക്കൂട്‌ അടക്കാനായി പുറത്തിറങ്ങിയ മുസ്തഫയുടെ ഉമ്മ ഇത്‌ കാണുകയും ചെയ്തു. അവര്‍ക്ക്‌ ഉറപ്പായി ഇന്ന് ഏതോ ഒരു കള്ളന്‍ ഇവിടെ കയറാന്‍ പദ്ധതി തയ്യാറാക്കുന്നുണ്ടെന്ന്. ആദ്യം ഇത്തിരി ഭയം തോന്നിയെങ്കിലും അതിനൊരു പരിഹാരം അവരുടെ മനസ്സില്‍ തെളിഞ്ഞു."


രാത്രി മീന്‍ചറും കൂട്ടി വയറുനിറയെ ഫുഡ്ഡടിച്ച്‌ പോക്കര്‍ തയ്യറായി. വഴിയില്‍ വെച്ച്‌ ഒരു കാലിച്ചാക്കുമായി മമ്മതും കൂടെ കൂടി. അവര്‍ പതുക്കെ വീടിനടുത്തുള്ള വാഴക്കൂട്ടത്തില്‍ പതുങ്ങി.

ഈ സമയമാണ്‌ വീട്ടിനകത്ത്‌ നിന്ന് തിത്തീബിഉമ്മ ഉച്ചത്തില്‍ മരുമകളോട്‌ സംസാരിക്കുന്നത്‌ കേട്ടത്‌.

"മോളേ... ഇവിടെ കള്ളന്മാരുടെ ഭയങ്കര ശല്ല്യമാണെന്ന് അറിയാല്ലോ... നീ ആ ആഭരണപെട്ടി മച്ചിന്മുകളിലെ പെട്ടിയിലിട്ട്‌ പൂട്ടിയേക്കണേ..."

പോക്കര്‍ക്ക്‌ ബഹുത്ത്‌ ഖുഷി.


"പതുക്കെ ഓടിളക്കുക. കയറില്‍ തൂങ്ങി പതുക്കെ മച്ചിന്‍പുറത്തേക്ക്‌ ഇറങ്ങുക. പെട്ടിയടക്കം അടിച്ച്‌ മാറ്റി തിരിച്ചെത്തുക." മനസ്സില്‍ ആക്ഷന്‍പ്ലാന്‍ തയ്യാറാക്കി.


കുറച്ച്‌ സമയം കഴിഞ്ഞ്‌ വീട്ടിലെ വിളക്കുകള്‍ അണഞ്ഞു. ഇത്തിരി കൂട്‌ കാത്ത്‌ നിന്ന് പോക്കര്‍ പതുക്കെ എണീറ്റു. കൂടെ എണീറ്റ മമ്മതിനോട്‌ നീ ഇവിടെ ഇരുന്നാല്‍ മതി. ഞാന്‍ ഇപ്പോള്‍ വരാം എന്ന് പറഞ്ഞു.


പതുക്കെ ഓടിന്മുകളില്‍ വലിഞ്ഞ്‌ കയറി. ചുമരിനോട്‌ ചാരി രണ്ട്‌ ഓട്‌ ഇളക്കിയെടുത്തു. കഴുക്കോലില്‍ കെട്ടാന്‍ കയറെടുത്തപ്പോഴാണ്‌ ചെറിയ കയറാണെന്ന കാര്യം ശ്രദ്ധയില്‍ പെട്ടത്‌.

"ഹേയ്‌ കുഴപ്പമില്ല... മച്ചില്‍ വരേ ഇറങ്ങിയാല്‍ മതിയല്ലോ..." പോക്കര്‍ മനസ്സില്‍ പറഞ്ഞു.

പതുക്കേ കയറില്‍ തൂങ്ങി ഇറങ്ങി. കയറിന്റെ അറ്റത്തെത്തിയെങ്കിലും കാല്‌ മച്ചില്‍ മുട്ടിയില്ല.

"ഇനി കുറച്ച്‌ കൂടിയേ ഉണ്ടാവൂ... പതുക്കേ ചാടാം.." പോക്കര്‍ തീരുമാനിച്ചു.


കയറില്‍ നിന്ന് പിടിവിട്ടതോടെ താഴേക്ക്‌ പോവാന്‍ തുടങ്ങി. തൊട്ടടുത്ത്‌ ഒന്നും തടഞ്ഞ്‌ നില്‍ക്കാതിരുന്നപ്പോഴാണ്‌ ഈ വീടിന്‌ മച്ചില്‍ ഇല്ലാ എന്ന് പോക്കര്‍ക്ക്‌ മനസ്സിലായത്‌. അതോടെ അറിയതെ തൊണ്ടയില്‍ നിന്ന് നിലവിളി ഉയര്‍ന്നു. അടുക്കിവെച്ച്‌ നെല്ലിന്‍ ചാക്കുകള്‍ക്കിടയില്‍ വളരെ പെട്ടോന്ന് പോക്കര്‍ ലന്റ്‌ ചെയ്തു.


അതോടെ താഴ്‌ത്തിവെച്ചിരുന്ന ചിമ്മിനിയുടെ തിരി ഉയര്‍ന്നു. അപ്പോഴാണ്‌ കയ്യില്‍ ഉലക്കയുമായി നില്‍ക്കുന്ന സ്ത്രീകളേ പോക്കര്‍ കണ്ടത്‌. കദീസുമ്മയുടെ കയ്യിലെ ഉലക്ക ഉയര്‍ന്നതോടെ മരുമകള്‍ പറഞ്ഞു.

"ഉമ്മാ... അയാളെ അത്‌ കൊണ്ട്‌ അടിച്ചാല്‍ മരിച്ച്‌ പോവും. ഞാന്‍ വേറെ വടി നോക്കട്ടേ..." എന്ന് പറഞ്ഞത്‌.


അവരുടെ ശ്രദ്ധതെറ്റിയതോടെ പോക്കര്‍ എഴുന്നേറ്റ്‌ ഓടി. അടുകളയിലെത്തിയപ്പോള്‍ പുറത്തേക്കുള്ള ഒരു ജനല്‍ തുറന്ന് കിടക്കുന്നു. പിന്നെ ഒന്നും ചിന്തിക്കാന്‍ നില്‍കാതെ ജനലിലൂടെ പുറത്തേക്ക്‌ ചാടി. ചാടി കഴിഞ്ഞതോടെയാണ്‌ പോക്കര്‍ക്ക്‌ രണ്ടാമത്തെ അമളി മനസ്സിലായത്‌. ചാടിയത്‌ അടുക്കള കിണറ്റിലേക്കായിരുന്നു.


"ഹാവൂ രക്ഷപെട്ടു. അവന്‌ ആ കയര്‍ ഇട്ട്‌ കൊടുത്തേക്കൂ. ഞാന്‍ എല്ലാവരേയും വിളിച്ച്‌ കൂട്ടട്ടേ..." എന്ന് അതോടെ തിത്തിബിഉമ്മ മരുമകളോട്‌ പറഞ്ഞു.


പിന്നീട്‌ കഴിയാവുന്നത്ര ഉച്ചത്തില്‍ "ഞങ്ങളുടെ വീട്ടില്‍ കള്ളന്‍ കയറി... ഓടിവായോ" എന്ന് അലറി വിളിക്കുകയും ചെയ്തു.

ഇതെല്ലാം കണ്ട്‌ മമ്മത്‌ ഓടണോ നിക്കണോ എന്ന് കണ്‍ ഫ്യൂഷനടിച്ച്‌ അവസാനം ഓടിയാല്‍ കുടുങ്ങും എന്ന് തീരുമാനിച്ച്‌ വാഴക്കൂട്ടത്തില്‍ തന്നെയിരുന്നു.


നാട്ടുകാര്‍ ഓടികൂടി. കള്ളനെ പുറത്തെടുക്കാന്‍ തീരുമാനിച്ചു. അതിനിടയിലാണ്‌ സ്ഥലത്തെ പ്രധാന ദിവ്യന്‍ നാരയണന്‍ നായര്‍ ഇങ്ങിനെ ചോദിച്ചത്‌.

"നീ ഇങ്ങോട്ട്‌ കയറി വരുന്നോ അതോ ഞങ്ങള്‍ അങ്ങോട്ട്‌ ഇറങ്ങണോ...?"

കിണറ്റിലായതിനാല്‍ തന്നെ ആരും തിരിച്ചറിഞ്ഞിട്ടില്ല എന്ന് പോക്കര്‍ക്ക്‌ അറിയാമായിരുന്നു. പോക്കര്‍ ഒന്നും പറഞ്ഞില്ല.

അവസാനം കാരിക്കുട്ടിയോട്‌ കിണറ്റിലിറങ്ങാന്‍ നാരയണന്‍ നായര്‍ കല്‍പ്പിച്ചു. കാരിക്കുട്ടി കിണറ്റിലിറങ്ങാന്‍ തുടങ്ങവേ പോക്കര്‍ ഉച്ചത്തില്‍ വിളിച്ച്‌ പറഞ്ഞു.

"നിങ്ങള്‍ക്കറിയുമോ ഞാന്‍ ആരെന്ന്. ഞാന്‍ ഈ നാട്ടുകാരനാല്ല. ഒരു സാധാരണ കള്ളനുമല്ല."

"പിന്നെ..."

"എനിക്ക്‌ മാജിക്ക്‌ അറിയാം..."

"എന്ത്‌ മാജിക്ക്‌"

"ഞാന്‍ ഈ കിണറില്‍ മുങ്ങിയാല്‍ വേറെയെവിടെയെങ്കിലും ആയിരിക്കും പൊന്തുന്നത്‌... പിന്നെ നിങ്ങള്‍ എങ്ങനെ എന്നെ പിടിക്കും."

കൂടിനിന്നവര്‍ ആകെ കണ്‍ ഫ്യൂഷനായി. ഇനി എന്ത്‌ ചെയ്യും. അവസാനം നാരയണന്‍ നായര്‍ തന്നെ ഐഡിയയുമായി കിണറ്റിന്‍ കരയിലെത്തി.

"ഞങ്ങള്‍ നിന്നെ ഒന്നും ചെയ്യില്ല. നീ എവിടെയാണ്‌ പൊങ്ങുക എന്ന് മാത്രം പറഞ്ഞാല്‍ മതി."

"ഉറപ്പാണോ... ഒന്നും ചെയ്യില്ലല്ലോ ?"

"ഹേയ്‌ ഇല്ലന്നേ... ഞങ്ങള്‍ക്ക്‌ മാജിക്ക്‌ കാണാനല്ലേ..."

"എന്നാല്‍ ഞാന്‍ ഈ വീടിന്റെ തെക്കേ മൂലയിലുള്ള വാഴക്കൂട്ടത്തി പൊങ്ങും."

"ഓഹോ... " ജനക്കുട്ടം അത്ഭുതപെട്ടു.

"എന്നാല്‍ ശാരി" എന്ന് പറഞ്ഞ്‌ പോക്കര്‍ വെള്ളത്തില്‍ മുങ്ങി.

ഇത്തിരി സമയത്തിന്‌ ശേഷം പൊങ്ങിയപ്പോള്‍ ആരും കിണറ്റിന്‍ കരയില്‍ ഉണ്ടായിരുന്നില്ല. പക്ഷേ... മമ്മതിന്റെ കരച്ചില്‍ അന്തരീക്ഷത്തില്‍ മുഴങ്ങുന്നുണ്ടായിരുന്നു. സന്തോഷത്തോടെ കാരിക്കുട്ടി ഇറങ്ങാനായിട്ട കയറില്‍ പോക്കര്‍ കടന്ന് പിടിച്ചു

Blog Archive